Saturday, August 23, 2014

ആൻഡമാൻസ്...(Andamans) *

യാത്രകൾ ഒരുതരം ലഹരിയാണ്. ഒരു തവണ അതാസ്വദിച്ചവൻ മാസ്മരികലോകവുമായി നിതാന്ത പ്രണയത്തിലാവുക തന്നെ ചെയ്യും. ഒരു യാത്ര തീരുന്നതിനുമുന്നേ അടുത്തതിനെക്കുറിച്ച് ആലോചന തുടങ്ങിയിരിക്കും.

സൂക്ഷിച്ചുവച്ച അവധിദിനങ്ങളിൽനിന്നും കടമെടുത്തായിരുന്നു ആൻഡമാൻ യാത്ര. ബംഗാൾ ഉൾക്കടലിലെ മനോഹരമായ ദ്വീപസമൂഹം. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് വിപ്ലവകാരികളെന്ന് മുദ്രകുത്തി ദേശസ്നേഹികളെ നാടുകടത്തിയിരുന്ന ദുരിതഭൂമി ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. സൂര്യപ്രകാശം എത്തിനോക്കാത്ത നിബിഡവനങ്ങൾ, പവിഴപ്പുറ്റുകൾ പൊടിഞ്ഞുണ്ടാകുന്ന പഞ്ചാര മണൽത്തിട്ടകൾ, പവിഴപ്പുറ്റുകൾക്ക് മീതെ മരതകവർണ്ണമണിയുന്ന കടൽ, കടലിനോളം പടരുന്ന ആകാശനീലിമ, കക്കകളും വെളുത്ത കുഞ്ഞൻ ഞണ്ടുകളും പാഞ്ഞുനടക്കുന്ന ജീവനുള്ള ബീച്ചുകൾ, ഇന്നും തീ കണ്ടുപിടിക്കാത്ത ഗോത്രവർഗ്ഗങ്ങൾ - ഇത് കാഴ്ചകളുടെ, അനുഭവങ്ങളുടെ, തിരിച്ചറിവുകളുടെ ഭൂമി.
മെഗാപോട് നെസ്റ്റ് റിസോർട്ട്-ൽ നിന്നുള്ള വ്യൂ
പോയിവരാനുള്ള ടിക്കറ്റും ആദ്യദിവസത്തെ താമസവും മാത്രം ബുക്ക്ചെയ്തൊരു യാത്ര. അവിടെയെത്തി എവിടം ഇഷ്ടപ്പെടുന്നുവോ അവിടെ താമസിക്കാം എന്നായിരുന്നു പ്ലാൻആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹത്തിലെ ഏക വിമാനത്താവളം പോർട്ബ്ലായറിൽ ആണ്. ഇവിടേക്ക് ചെന്നൈയിൽനിന്നും വിശാഖപട്ടണത്തുനിന്നും യാത്രാക്കപ്പലുകളും ഉണ്ട്.
ഫീനിക്സ് ബേ ജെട്ടി
വിമാനം പോർട്ബ്ലയാർ അടുക്കുമ്പോഴേ നീലക്കടലിൽ മരതകവർണ്ണം പൊതിഞ്ഞുനിൽക്കുന്ന Jollybuoy, Sentinel ദ്വീപുകൾ കാണാം.  ആധുനിക മനുഷ്യന് ഇന്നും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സെന്റിനെലീസ് (Setinelese people) ഗോത്രവർഗ്ഗക്കാരുടെ  ഇടമാണ്  സെന്റിനൽ ദ്വീപുകൾ.
രണ്ടാഴ്ച മുന്നേ നടന്ന ഒരു ബോട്ടപകടം കാരണം പോർട്ബ്ലയറിനോട് ചേർന്നുകിടന്ന പ്രധാന ആകർഷണകേന്ദ്രങ്ങളെല്ലം അടഞ്ഞുകിടക്കുകയായിരുന്നു. ബ്രിട്ടീഷ്ഭരണകാലത്തെ ഭരണസിരാകേന്ദ്രമായിരുന്ന 'റോസ് ഐലൻഡി'ൻറെ ഒരു വിദൂര ദൃശ്യം കൊണ്ട് ഞങ്ങൾക്ക് തൃപ്തിപ്പെടേണ്ടി വന്നു.

പോർട്ബ്ലയറിലെ പ്രശസ്തമായ ന്യൂ ലൈറ്റ് ഹൗസിൽനിന്നും അത്താഴം കഴിക്കാമെന്ന ആഗ്രഹത്തോടെയിറങ്ങിയ ഞങ്ങൾ യാദൃശ്ചികമായാണ് കൊയിലാണ്ടി സ്വദേശി അനീഷിനെ കാണുന്നത്. വർഷങ്ങളായി പോർട്ബ്ലയറിൽ കഴിയുന്ന അദ്ദേഹം പിന്നീടുള്ള ദിവസങ്ങളിൽ അങ്ങനെ ഒരു വഴികാട്ടിയുമായി. ന്യൂ ലൈറ്റ് ഹൗസിൽനിന്നാണ് ഞാനാദ്യമായി 'ലോബ്സ്റ്റർ' കാണുന്നത്. പലനിറങ്ങൾ ഇടകലർന്ന ഭീകരനൊന്നിനു 2500 രൂപയാണെന്നറിഞ്ഞതോടെ തൽക്കാലം രുചിച്ചുനോക്കേണ്ടെന്നു തീരുമാനിച്ചു.

മൌണ്ട് ഹാരിയറ്റ് (Mount Harriet):
സൗത്ത് ആൻഡമാനിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണിത്. പോർട്ബ്ലയറിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ടാണ് ട്രെക്കിംഗ് തിരഞ്ഞെടുത്തത്. മൌണ്ട് ഹാരിയറ്റ് നാഷണൽ പാർക്കിലേക്കുള്ള വഴിയിൽ 'നോർത്ത് ബേ'യുടെ ഒരു ദൃശ്യം കാണാനാകും. നമ്മുടെ ഇരുപതു രൂപ നോട്ടിന്റെ പുറകിലുള്ള  ചിത്രം ഇവിടെ നിന്നുള്ള ഫോട്ടോയാണ്.
നോർത്ത് ബേ - മൌണ്ട് ഹാരിയറ്റിൽ നിന്നും 
മൌണ്ട് ഹാരിയറ്റ് നാഷണൽ പാർക്കിൽനിന്നും ഏകദേശം 16 km ദൂരത്തിൽ 'മധുബൻ' എന്നൊരു ബീച്ചുണ്ട്. ആൻഡമാനിൽതന്നെ ജനിച്ചുവളർന്ന കുറച്ച് മലയാളിക്കുട്ടികൾ പറഞ്ഞാണ് ഞങ്ങൾ അതിനെക്കുറിച്ചറിയുന്നത്. മൌണ്ട് ഹാരിയറ്റിൽ നിന്നും 'കാലാപത്തറി'ലേക്കുള്ള യാത്രക്കിടയിലാണ് അവരെ കാണുന്നത്അവരുടെ ഏകദേശം 80-നടുത്ത് പ്രായമുള്ള മുത്തശ്ശിക്ക് 'മധുബൻ ബീച്ചിൽ' പോകാൻ 'പൂതി' വന്നതുകൊണ്ട് കുടുംബമായി രാവിലെ ഇറങ്ങിയതാണ്. വേഗം നടന്നാൽ അരമണിക്കൂറിൽ എത്താം എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്.  രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാൻ അധീനതയിലായിരുന്ന ആൻഡമാനിൽ ആളുകളെ തള്ളിയിട്ടുകൊല്ലാൻ തിരഞ്ഞെടുത്തിരുന്ന ഒരു പാറക്കെട്ടാണ് 'കാലാപത്തർ'. അതിഭീതിദമായ ഒരു പ്രദേശം പ്രതീക്ഷിച്ച് വനത്തിലൂടെ ഏകദേശം ഒരു മണിക്കൂർ നടന്നെത്തിയ ഞങ്ങൾക്ക് ചെരിഞ്ഞു നിൽക്കുന്ന ചെറിയ പാറക്കെട്ട് വലിയ നിരാശയായി. അതുകൊണ്ടുതന്നെ 'മധുബൻ' വരെ ഒരു പരീക്ഷണം വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. വൻമരങ്ങൾ കുടപിടിക്കുന്ന വഴികളിലൂടെ  വള്ളികളിൽ തൂങ്ങിയാടി ഇനി ഒരു മടക്കം.
കാലാപത്തറിലേക്കുള്ള വഴി
തിരികെ വന്ന് മധുബൻ ബീച്ചിന്റെ ഫോട്ടോ കാണുമ്പോഴാണ് യാത്ര ഉപേക്ഷിച്ചത് കഷ്ടമായിപ്പോയി എന്ന് മനസ്സിലായത്.

ചിടിയ ടാപു (Chidiya Tapu):
മുണ്ട പഹാർ ബീച്ച്
പോർട്ബ്ലയറിൽനിന്നും 25km സഞ്ചരിക്കണം 'ചിടിയ ടാപു'വിലെത്താൻ. വളഞ്ഞുപിരിഞ്ഞു കയറിപ്പോകുന്ന വഴികളിലൂടെ 45 മിനിറ്റ് യാത്ര. ഇടയ്ക്ക് 'കോർബിൻ കോവ്' ബീച്ചിന്റെ വിദൂരദൃശ്യം. ചിടിയ ടാപുവിലെ 'മുണ്ട പഹാർ' ബീച്ച് പോർട്ബ്ലയറിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമനങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും.
 

ഇവിടെ 100-150 മീറ്റർ കടലിലേക്കിറങ്ങി നടക്കാം. അതും മുട്ടൊപ്പം വെള്ളത്തിൽ. നടന്നുചെന്ന് സൂര്യനെ കോരിയെടുക്കാൻ പറ്റുമെന്ന് തോന്നിപ്പോകും
തിരകളില്ലാതെ, സമീപത്തെ വൻമരങ്ങളുടെ നിഴലുകൾ വീഴ്ത്തികിടക്കുന്ന ശാന്തമായ കടൽ.

നീൽ (Neil):
ഇനി യാത്ര 'നീൽ' ഐലൻഡിലേക്ക്. 'ആകാശത്തിന്റെ നിറം' സിനിമയിലൂടെ മനസ്സിൽ കയറിക്കൂടിയ കൊച്ചു ദ്വീപ്. പോർട്ബ്ലയറിൽനിന്നും ഏകദേശം രണ്ടുമണിക്കൂർ ഫെറി യാത്രയുണ്ട് നീലിലേക്ക്. അതിമനോഹരമായ ഒരു സ്വപ്നത്തിലേക്ക് ഇറങ്ങിനടക്കുന്നതുപോലെയാണ് ഞങ്ങൾ ഓരോരുത്തരും ബോട്ടിൽ നിന്നിറങ്ങിയത്. മരതകവും ഇന്ദ്രനീലവും ഇടകലർന്ന നിറമുള്ള കടൽ. തെളിഞ്ഞ വെള്ളത്തിൽ അടിയിലെ പാറകളും അവയിലെ പവിഴപ്പുറ്റുകളും വരെ വ്യക്തമായി കാണാം.
 നീലനിറമുള്ള ഓളങ്ങളിൽ സൂര്യപ്രകാശം വെള്ളിവളയങ്ങൾ തീർക്കുന്നു. പവിഴപ്പുറ്റുകൾക്ക് മുകളിൽ കടലിന്റെ നിറം തന്നെ വേറെയാണ്.
നീൽ ജെട്ടി
ആഴം കൂടുന്നതനുസരിച്ച് കടലിന്റെ നീലനിറം കനത്തുവരുന്നുവെള്ളമണൽ വിരിച്ച ബീച്ചുകൾ. കടൽക്കരയോട് ചേർന്ന് ചെറിയ പാറക്കൂട്ടങ്ങൾക്കിടയിൽ കണ്ടൽക്കാടുകൾ. ഇത് നീലിലെ ഭരത്പൂർ ബീച്ച്.
ഭരത്പൂർ ബീച്ച്
നീലിൽ സ്നോർകലിംഗ് ചെയ്യാൻ സൗകര്യമുള്ളതിവിടെയാണ്. നീന്തൽ അറിഞ്ഞുകൂടാതിരുന്ന ഞങ്ങൾക്ക് ആദ്യം നേരിയ ഭയമുണ്ടായിരുന്നു. പക്ഷേ, ഒരു തവണ കടലിനടിയിലെ ലോകം കണ്ടാൽ പിന്നെയൊരു ഭയത്തിനും അവിടെ സ്ഥാനമില്ലെന്നു മനസ്സിലായി. പലനിറങ്ങളിലുള്ള പവിഴപ്പുറ്റുകൾ. അവയ്ക്കിടയിലൂടെ നീന്തിത്തുടിക്കുന്ന കടുംനിറങ്ങളിലുള്ള   മീനുകൾ.
വെളുപ്പിൽ കറുപ്പുവളയങ്ങളുള്ള ഒരു നീളൻ കടൽപാമ്പിനേയും കാണാനൊത്തു. നീൽ ഒരു ഖനിയാണ്. അന്യം നിന്നുകൊണ്ടിരിക്കുന്ന, ഷെഡ്യൂൾ 1- ഉൾപ്പെടുത്തി സംരക്ഷിക്കുന്ന 'കടൽപന്നി'കളെ (Dugong) നീലിൽ ചിലപ്പോൾ കാണാൻ സാധിക്കും. മികച്ച ഡൈവർമാർപ്പോലും വളരെ വിരളമായി മാത്രമേ അവയെ കാണാറുള്ളുപോലും.

നീലിലെ മറ്റൊരാകർഷണം പ്രകൃതി തീർത്ത ഒരു കടൽപാലമാണ് (Natural Bridge / Howrah Bridge). വേലിയിറക്ക സമയത്തുമാത്രമേ പാലത്തിനടുത്ത് ചെല്ലാൻ പറ്റൂ. ചെറിയ കുഞ്ഞുചെടികൾ പടർന്നുകയറിയ പാലത്തിൽ ഞണ്ടുകൾ ഓടിനടക്കുന്നുണ്ട്. ആളനക്കമില്ലാതെ ഒഴിഞ്ഞ ബീച്ചിലെ ധ്യാനാത്മകമായ അന്തരീക്ഷം. ഇവിടെ മനുഷ്യന് പ്രസക്തിയില്ലാതാകുന്നു. നാം കേവലം കാഴ്ച്ചക്കാരായി ഒതുങ്ങുന്നു.
നാച്ചുറൽ ബ്രിഡ്ജ്
വെറും 5km മാത്രം വീതിയുള്ള നീലിലെ മറ്റൊരു ബീച്ചാണ് സീതാപൂർ.
സീതാപൂർ  ബീച്ച്
ഇവിടെയും ആരുമില്ല. പഞ്ചാരമണൽത്തരികളും നീലക്കടലും കരയിലടിയുന്ന കുഞ്ഞു കക്കകളും. ബീച്ചിനരികിൽ പൊളിഞ്ഞുകിടക്കുന്ന ഒരു ചുണ്ണാമ്പു ഗുഹയുണ്ട്.

സീതാപൂർ  ബീച്ച്

വെണ്ണക്കല്ലുകൾ കടുംനീലനിറമുള്ള കടലിൽ ഒരു മനോഹര ചിത്രം വരയുന്നു. നാടോടികളായ രണ്ടു വിദേശികൾ ഞങ്ങളെ കടന്നുപോയി. നീന്താൻ പറ്റിയൊരിടം കണ്ടുപിടിച്ച് നേരെ കടലിലേക്ക്. ബാഹ്യലോകത്തിന്റെ ആശങ്കകളേതുമില്ലാതെ പ്രകൃതിയിൽ അലിഞ്ഞുപോകുന്നവർ. അതു സ്വന്തം പ്രകൃതിയിലേക്ക് ചേർക്കുന്നവർ.


നീലിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചാണ് ലക്ഷ്മണ്പൂർ. സൂര്യാസ്തമനം കാണുവാൻ സഞ്ചാരികളെത്തുന്നത് ഇവിടേക്കാണ്.
ലക്ഷ്മണ്‍പൂർ  ബീച്ച്
വിശാലമായ ബീച്ച്. തീരത്ത് ആൻഡമാനിലെ പരമ്പരാഗതഭക്ഷണമായ 'പണ്ടാനസ്' പഴങ്ങൾ വിളഞ്ഞുപാകമായിക്കിടക്കുന്നു.

തീരത്തടിഞ്ഞ മരങ്ങളിൽ ചെറിയ ആൾക്കൂട്ടങ്ങൾ. സ്നോർകലിംഗ് കഴിഞ്ഞ് വിശ്രമിക്കുന്ന ജിപ്സികളുടെ വലിയൊരു സംഘം. അങ്ങകലെ ചക്രവാളങ്ങളിൽ ചുവപ്പുപടരുമ്പോഴും കടലതിന്റെ നീലനിറം വെടിയാൻ മടിക്കുന്നതുപോലെ. തീരത്ത് കടലൊരുക്കിയ ചില കരവിരുതുകൾ...



വ്യത്യസ്തമായ മറ്റൊരു ബീച്ചുകൂടിയുണ്ട് നീലിൽ - രാംനഗർ.
രാംനഗർ
തീരം നിറയെ പൊട്ടിയ പവിഴപ്പുറ്റുകൾ. കണ്ടൽക്കാടുകളോട് ചേർന്ന് തീരത്ത് കൂർത്ത പാറക്കഷ്ണങ്ങൾ. കടലിന്റെ നിരന്തരപ്രഹരമേറ്റ് അവയ്ക്ക് മൂർച്ചവച്ചതാവണം. അതോ ജീവനില്ലാത്ത പവിഴപ്പുറ്റുകളോ? തൊട്ടാൽ ചോരപോടിയുമെന്നു തോന്നും. ശിഖരങ്ങളോ ഇലകളോ ഇല്ലാതെ വേരുകളിൽ ഉയർന്നുനിൽക്കുന്ന വന്മരത്തോട് ചേരുമ്പോൾ നാം എത്ര ചെറുതാണെന്ന് തിരിച്ചറിയുന്നു.














ഹാവ് ലോക്ക്  (Havelock Islands): 
ആൻഡമാൻ  യാത്രയിൽ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്തതാണ് 'ഹാവ് ലോക്ക് ഐലൻഡ്'. നീലിൽനിന്നും ഒരു മണിക്കൂർ യാത്രയുണ്ട് ഹാവ് ലോക്കിലേക്ക്. ഒരു സ്വപ്നത്തിൽനിന്നും മറ്റൊന്നിലേക്ക്.

ഓരോ ദ്വീപിലും സ്ഥിരമായി ഒരു ഓട്ടോ വിളിക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. ഹാവ് ലോക്കിൽ ഞങ്ങൾക്കു ലഭിച്ചത് തമിഴ്നാട്ടുകാരൻ കണ്ണനെ. കണ്ണന്റെ സുഹൃത്തുക്കൾ വഴിയാണ് എലഫന്റയിൽ ഞങ്ങളുടെ സ്നോർക്കലിംഗ് ഗൈഡ് ദീപുവിനെ കിട്ടിയത്.

2003-ലെ ടൈംസ്മാഗസിൻ റിപ്പോർട്ട്പ്രകാരം ഏഷ്യയിലെ ഏറ്റവും നല്ല ബീച്ചാണ് ഹാവ് ലോക്കിലെ 'രാധാനഗർ'.
രാധാനഗർ
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന അതിവിശാലമായ പഞ്ചാരമണൽത്തീരങ്ങൾ. തീരത്തിന് അതിരിടുന്ന നിബിഢവനം.


ഒരേ താളത്തിൽ കരകയറിവരുന്ന നീലത്തിരമാലകൾ. തീരത്ത് ചിത്രം വരയുന്ന വെളുത്ത കുഞ്ഞൻ ഞണ്ടുകൾഅതിരാവിലെ ഞങ്ങൾ എത്തുമ്പോൾ ഒരാൾ തീരത്തെ ഇലകൾ വരെ എടുത്തുമാറ്റുകയായിരുന്നു. തീരത്തുകൂടെ കുറേ ദൂരം നടന്നാൽ ഒരു നീലത്തടാകത്തിനു (Blue Lagoon) അടുത്തെത്താം.

തിരകളൊഴിഞ്ഞ്, കടലിന്റെ ആഴവും പവിഴപ്പുറ്റുകളുടെ മനോഹാരിതയും കാണിച്ചുതരുന്ന മനോഹരതടാകം. അടുത്തുള്ള പാറക്കെട്ടിനടുത്ത് ഒരു വലിയ കടൽജീവിയുടെ തോട് അടിഞ്ഞുകിടക്കുന്നുണ്ട്.

ഇത് ഒരു ലൈവ് ബീച്ച് ആണെന്നുപറയാം. നൂറുകണക്കിന് ഷെൽ ജീവികൾ തീരത്തുകൂടെ ഓടിനടക്കുന്നുണ്ട് - പലനിറത്തിലും പലരൂപത്തിലുമുള്ളവ. അരികിലിരുന്ന് അവയെ നിരീക്ഷിക്കുന്നതുതന്നെ ഒരു നല്ല അനുഭവമാണ്.

ഹാവ് ലോക്കിലെ മനോഹരമായ മറ്റൊരു ബീച്ചാണ് 'എലിഫന്റ'. 2004 -ലെ സുനാമിയിൽ ബീച്ചിന്റെ നല്ലൊരുഭാഗം കടലെടുത്തുപോയി. എന്നിട്ടുകൂടെ എലിഫന്റ ബീച്ച് നിങ്ങളെ തീർച്ചയായും വിസ്മയിപ്പിക്കും.
എലിഫന്റ
കാട്ടിലൂടെ 40 മിനിറ്റ് നടന്നുവേണം ബീച്ചിലെത്താൻ. കാടുകടന്ന്, കണ്ടൽക്കാടുകളും കടന്ന് വിശാലമായ എലിഫന്റയിലേക്ക്. സുനാമിയിൽ പിഴുതെറിയപ്പെട്ട വന്മരങ്ങൾ ബീച്ചിൽ വീണുകിടപ്പുണ്ട്‌.  ഓരോന്നും മനോഹരങ്ങളായ ഫോട്ടോ ഫ്രെയിമുകൾ തീർക്കുന്നു. ചില മരങ്ങളുടെ വേരിനോളം പോലും നമുക്കുയരമുണ്ടാവുകയില്ല.

കടലിലേക്കിറങ്ങിക്കിടക്കുന്ന വന്മരങ്ങൾക്കറ്റത്തിരുന്ന് ചിലർ ചൂണ്ടയിടുന്നുണ്ട്.

തീരത്ത് അവിടെയുമിവിടെയും ചെറിയ സംഘങ്ങൾ. നിങ്ങൾക്കിവിടെ നിങ്ങളുടെ സ്വന്തം ഇടങ്ങൾ തിരഞ്ഞെടുക്കാം. ഒരാൾപോലും നിങ്ങളുടെ സ്വകാര്യതകളിലേക്ക് കടന്നുവരികയില്ല. മരത്തണലിൽ, വെള്ളമണൽത്തീരത്ത്, കുഞ്ഞൻ കടൽജീവികളെയും കണ്ട്, കടലിന്റെ സംഗീതവും ആസ്വദിച്ച് ഞങ്ങൾ രണ്ടുപേർ മാത്രം! തീരത്തുകൂടെ ഏകദേശം 4 മണിക്കൂർ നടന്നാൽ രാധാനഗർ എത്താൻ പറ്റും. യാത്ര അല്പം വിഷമം പിടിച്ചതാണെന്നുമാത്രം.

നീന്തൽ അറിയില്ലെങ്കിലും 'സ്ക്യൂബ ഡൈവിംഗ്' ചെയ്യണമെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു.              ഹാവ് ലോക്കിൽ 'Barefoot Scuba' ആണ് ഏറ്റവും പ്രശസ്തം. വളരെ വിദൂരമായ 'ഇന്ഗ്ലിസ് (Inglis)' പോലുള്ള കുഞ്ഞൻ ദ്വീപുകളിലേക്ക് അവരുടെ സ്നോർക്കലിംഗ് ട്രിപ്പുകളുണ്ട്. ഞങ്ങൾ അന്വേഷിച്ചപ്പോഴേക്കും അവരുടെ ബുക്കിംഗ് മുഴുവൻ തീർന്നിരുന്നു. ഡൈവിംഗ് ഭ്രാന്തന്മാരുടെ ഒരു സങ്കേതമാണ് അതെന്നുപറയാം. നേരം പുലരുന്നതിനുമുന്നേ തുടങ്ങുന്ന ഒരുക്കങ്ങൾ. വിദൂരദ്വീപുകളിലെ അതിമനോഹരങ്ങളായ കടൽക്കാഴ്ച്ചകളുടെ ഒടുങ്ങാത്ത ചർച്ചകൾ. എയർ ടാങ്കുകൾ നിറക്കുന്നതിന്റെ നിരന്തര ശബ്ദങ്ങൾ. ശരിക്കും ഒരു യുദ്ധത്തിനൊരുങ്ങുന്ന പ്രതീതി. മാസങ്ങളോളം വന്നുനിൽക്കുന്നവരുണ്ടിവിടെ. കൂടുതലും വിദേശികൾ.

Barefoot Scuba -യെ അപേക്ഷിച്ച് പൊതുവേ ശാന്തമാണ്'Island Vinnies'.  ഡൈവിംഗിനെത്തുന്നവർക്ക് 'tented Cabana' - കളിൽ കഴിയാം. ഡൈവിംഗ് സെർട്ടിഫിക്കേഷനുവേണ്ടി പലരാജ്യങ്ങളിൽനിന്നും വന്നവർ.          ഹാവ് ലോക്കിലെ തന്നെ വളരെ പ്രശസ്തമായ 'Fullmoon Cafe' ഇവിടെയാണ്‌. ഇങ്ങു കേരളത്തിലെ മലബാർ ഫിഷ് കറി മുതൽ രുചിവൈവിധ്യങ്ങളുടെ സമ്മേളനമാണിവിടെ. സന്ദർശകർക്കൊപ്പം കളിക്കാൻ കൂടുന്ന രണ്ടു മിടുക്കൻ പട്ടികൾ - സാമും ഫ്രോഡോയും.

ഹാവ് ലോക്കിലെ 'നിമോ റീഫിൽ' ക്ലൌണ്ഫിഷുകൾക്കിടയിലൂടെ ഒരു ഡൈവിംഗ്.
നിമോ റീഫ്
നോർത്തേണ്‍ആൻഡമാനിൽ നിന്നുള്ള ജൂജുവും സെബാസ്റ്റ്യനുമായിരുന്നു ഞങ്ങളുടെ ഇൻസ്റ്റ്രക്റ്റേഴ്സ്. ഏകദേശം 6 മീറ്റർ കടലിനടിയിൽ, ഭാരമില്ലാതെ, മീൻകൂട്ടങ്ങളേയും പവിഴപ്പുറ്റുകളേയും അടുത്തുകണ്ട് ഒഴുകിനടക്കുക. ഡൈവിംഗ് കഴിഞ്ഞുമടങ്ങുമ്പോൾ ഞങ്ങൾക്ക് തിരികെ പോരണമെന്നില്ലായിരുന്നു. പഞ്ചാരമണൽത്തീരങ്ങളോട് വിടപറയാൻ തോന്നുന്നില്ല. ഒരു നിമിഷം ഇവിടുത്തെ ജനങ്ങളോട് അസൂയ തോന്നിപ്പോയി. അവരും ഇതുപോലൊരു ഇച്ഛാഭംഗത്തിലാണ്. ഒന്നോ രണ്ടോ ആഴ്ച്ചകൾക്കായി വന്ന് നഗരങ്ങളുടെ  ആഘോഷങ്ങളിലേക്ക് മടങ്ങിപ്പോകുന്ന സഞ്ചാരികൾ. അവരുടെ നഗരങ്ങളിലെ കാഴ്ചകൾ, ഇവിടെ അവർക്ക് നഷ്ടമായിപ്പോകുന്ന ആധുനികതയുടെ സുഖസൗകര്യങ്ങൾ!

അത്ര പ്രശസ്തമല്ലെങ്കിലും കാലാപത്തർ ബീച്ചും ഗോവിന്ദ് നഗർ ബീച്ചും നല്ലതുതന്നെ. ഗോവിന്ദ് നഗറിൽ വൈകുന്നേരം കരകയറിവരുന്ന കടൽ രാവിലെ മീറ്ററുകളോളം ഇറങ്ങി നിലത്തുകൂടെ നടന്നു പോകാവുന്ന വിധത്തിലേക്ക് മാറുമായിരുന്നു.
ഗോവിന്ദ് നഗർ
സെല്ലുലാർ ജയിൽ  (Cellular Jail):
ഇനി തിരികെ പോർട്ബ്ലയറിലേക്ക്. ദേശീയസ്മാരകമായ സെല്ലുലാർ ജയിൽ.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം നാടുകടത്തപ്പെട്ട രാഷ്ട്രീയത്തടവുകാരെ പാർപ്പിച്ചതിവിടെ. അവരനുഭവിച്ച പീഡനങ്ങളുടെ കഥകൾ ഓരോ ചുമരുകളും പറയും. പ്രതികൂലസാഹചര്യങ്ങളും കൊടിയ പീഡനങ്ങളും സഹിച്ച ധീരരാജ്യസ്നേഹികളുടെ കഥ. ഒരു ശക്തിക്കും തകർക്കാൻ കഴിയാതിരുന്ന അവരുടെ മനോധൈര്യത്തിന്റെ കഥകൾ.

ഇനി മടക്കയാത്രയാണ്. ഒരു മനോഹരമായ ഒഴിവുകാലത്തിന്റെ ഓർമ്മകളും പേറി. ആൻഡമാൻ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഇനിയും എത്രയോ കാണാനിരിക്കുന്നു. അഞ്ഞൂറോ ആയിരമോ വർഷങ്ങൾക്കു പിന്നിലായി ജീവിക്കുന്ന ഗോത്രവർഗ്ഗക്കാർ - ചിലർക്കിടയിൽ തീ ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടുപോലുമില്ല, മാറ്റിത്താമസിപ്പിക്കാൻ പരിശ്രമിച്ചതിന്റെ ഫലമായി പരിപൂർണ്ണമായും തുടച്ചുനീക്കപ്പെട്ട ചിലർ. പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ലാത്ത മനോഹരബീച്ചുകൾ, ഭരത്താങ്ങിലെ ചുണ്ണാമ്പുഗുഹകൾ, സൗത്ത് ആൻഡമാനിലെ മരങ്ങളെ നാണിപ്പിച്ചുകളയുന്ന നോർത്ത് ആൻഡമാനിലെ വന്മരങ്ങൾ, ബ്രിട്ടീഷ് വസതികളുടെ നഷ്ടാവശിഷ്ടങ്ങളുള്ള റോസ് ഐലൻഡ്, എലിഫന്റയെക്കാൾ നല്ല സ്നോർക്കലിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ജോളിബോയ്, വിദൂരങ്ങളായ ഡൈവിംഗ് ഡെസ്റ്റിനേഷനുകൾ - അങ്ങനെ പലതും.

അനുഭവങ്ങൾക്കും കാഴ്ചകൾക്കുമപ്പുറം ഇവിടെനിന്നൊന്നും കവർന്നെടുക്കാതെ ഇനിയൊരു മടങ്ങിപ്പോക്ക്! ഓർമ്മകളിലെ മോഹനതീരങ്ങളെ, നിങ്ങൾക്കു വിട.

* None of the photos are edited. The beauty of Andamans is more than what I could capture in photos