Thursday, December 5, 2013

ദൗലത്താബാദ് ഫോർട്ട് (Daulatabad Fort)

ഔറംഗാബാദിനോട് ചേർന്നു കിടക്കുന്ന 14 -)o നൂറ്റാണ്ടിലെ കോട്ടനഗരമാണ് ദൗലത്താബാദ്. ബി.സി. 100 മുതൽ ജനവാസ മേഖലയായിരുന്നു 'ദേവഗിരി' എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ദൗലത്താബാദ്. യാദവരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ദേവഗിരി ഒരുപാട് പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എ.ഡി. 1296 ൽ അലാവുദ്ദീൻ ഖിൽജി ദേവഗിരി കീഴ്പെടുത്തുകയുണ്ടായി. ഡൽഹി സുൽത്താനേറ്റിനോട്‌ ചേർക്കപ്പെട്ട ദേവഗിരിയെ 'ദൗലത്താബാദ്' ആക്കി മാറ്റുന്നത് മുഹമ്മദ്‌-ബിൻ-തുഗ്ലക്കിന്റെ കാലത്താണ്.

ദൗലത്താബാദ് കോട്ട സുശക്തമായി പണികഴിപ്പിക്കപ്പെട്ടതാണ്. 200 മീറ്റർ ഉയരമുള്ള ഒരു കുന്നിനു മുകളിലാണ് കോട്ട. കുന്നിന്റെ താഴ്ഭാഗം 50 മീറ്റർ ഉയരത്തിൽ  കുത്തനെ ചെത്തിയെടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ശത്രുക്കൾക്കാർക്കും അതുവഴി അകത്തുകയറുക സാധ്യമേയല്ല. പിന്നെയുള്ളത്, ഒരുസമയം രണ്ടുപേർക്കു മാത്രം കടന്നുപോകാൻ കഴിയുന്ന ഒരു പാലമാണ്. എത്ര വലിയ സൈന്യവുമായി വന്നാലും ഒരുസമയം രണ്ടാൾക്കെ അകത്തുകയറാൻ കഴിയുകയുള്ളെങ്കിൽ യുദ്ധം അവിടെ തന്നെ അവസാനിച്ചില്ലേ.


കോട്ടയെ ചുറ്റി വലിയ രണ്ടു കിടങ്ങുകളുണ്ട്. ഒന്ന് ഉണങ്ങിവരണ്ട വലിയ ഗർത്തമാണെങ്കിൽ രണ്ടാമത്തേത് നിറയെ   മുതലകളുണ്ടായിരുന്ന വെള്ളം നിറഞ്ഞ കിടങ്ങാണ്. ഇവയൊക്കെ മറികടന്ന് അകത്തുകയറിയാലും പിന്നീട് കുത്തനെയുള്ള കയറ്റങ്ങളാണ്.

ഇടക്ക്, ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ഇരുട്ടുഗുഹയുണ്ട്. അതിനകത്തെ സ്റ്റെപ്പുകളെല്ലാം കൂർത്ത അഗ്രമുള്ളവയും പലവലുപ്പത്തിൽ ചെത്തിയെടുത്തവയുമാണ്. ഇതിൽ തട്ടിതടഞ്ഞുവീണ് മുറിവു പറ്റുന്നതിനു പുറമേ, ഇരുട്ടിൽ അന്വോന്യം വെട്ടിമരിക്കുന്നതും സാധാരണമായിരുന്നു. ഈ ഇരുട്ടുഗുഹയുടെ ചിലഭാഗങ്ങൾ ചെറുതായി താഴേക്ക് വെട്ടിയിറക്കിയവയാണ്. അത് പുറത്തേക്കുള്ള വഴിയാണെന്ന് തെറ്റിദ്ധരിച്ച് അതിലേ പോകുന്ന ശത്രുക്കൾ നേരെ ചെന്നുവീഴുന്നത് മുതലകൾ നിറഞ്ഞ കിടങ്ങിലേക്കും! അതും പോരാഞ്ഞ് കോട്ടയ്ക്കു മുകളിൽനിന്നും തിളപ്പിച്ച എണ്ണയും വെള്ളവുമൊക്കെ ഈ ഹതഭാഗ്യരുടെ മുകളിലേക്ക് ഒഴിക്കുക കൂടി ചെയ്താലോ! ഈ ചരിവിന്റെ പ്രത്യേകത, അവ മലയുടെ മറവിലാണ് ചെത്തിയെടുത്തിരിക്കുന്നത് എന്നാണ്. അതുകൊണ്ടുതന്നെ താഴെ നിന്ന് കയറിവരുന്നവർ കിടങ്ങിലേക്ക് വീഴുന്നവരെ കാണുക പോലുമില്ല. എന്തൊക്ക അടവുകളാണെന്ന് നോക്കണേ! ഇപ്പോഴും, ഈ കോട്ടയിലെ രഹസ്യങ്ങൾ മുഴുവൻ മനസ്സിലാക്കാനായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. സന്ദർശകർക്കായി ഈ ഇരുട്ടുഗുഹയുടെ പുറത്തുകൂടെ ഇപ്പോൾ വഴിയുണ്ടാക്കിയെടുത്തിട്ടുണ്ട്‌.

ഇത്രയും ശക്തമായ കോട്ടയായതുകൊണ്ട്  മുഹമ്മദ്‌-ബിൻ-തുഗ്ലക്ക് ഡൽഹി ഭരണാധികാരിയായിരിക്കേ എ.ഡി. 1328 ൽ തലസ്ഥാനം ദേവഗിരിയിലേക്ക് മാറ്റുകയുണ്ടായി. ഒരു വലിയ  ജനതയെ ഇവിടെ എത്തിച്ചതിനു ശേഷം അവർക്കാവശ്യത്തിനു വെള്ളമില്ലാതിരുന്നതിനാൽ രണ്ടുവർഷത്തിനു ശേഷം തലസ്ഥാനം വീണ്ടും ഡൽഹിക്കു തന്നെ മാറ്റേണ്ടിവന്നു. 'തുഗ്ലക്ക് പരിഷ്കാരങ്ങളുടെ' ഉറവിടം ഇതിൽ നിന്നാണെന്ന് തോന്നുന്നു. പിന്നീട് പലവഴി കൈമാറിയ കോട്ട മുഗൾരാജാവായിരുന്ന ഷാജഹാന്റെ കാലത്താണ് പൂർണ്ണമായും കീഴ്പ്പെടുത്തപ്പെടുന്നത്. അതും യുദ്ധം ചെയ്ത് തോൽപ്പിച്ചതല്ല - പകരം, നാലുമാസത്തോളം പ്രതിരോധമേർപ്പെടുത്തിക്കൊണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ദൗലത്താബാദ് കോട്ട ആരും കീഴ്പ്പെടുത്തിയിട്ടേയില്ല! പല രാജവംശങ്ങളിലൂടെ കൈമാറിയ ദൗലത്താബാദ് കോട്ട എ.ഡി. 1724 ൽ ഹൈദരാബാദ് നിസാമിന്റെ അധീനതയിലായി. പിന്നീട്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ, കോട്ട നിസാമിന്റെ അധീനതയിൽ തന്നെയായിരുന്നു.

കോട്ടയ്ക്കുള്ളിലൂടെ മുകളിലേക്കുള്ള യാത്ര തികച്ചും ദുഷ്കരമായിരുന്നു. ഏകദേശം ഒരു മണിക്കൂർ വേണം കോട്ട കണ്ടുവരാൻ. സന്ദർശന സമയം തീരാറാകുന്നതോർത്ത് കിതച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ കുറച്ച് മലയാളികളെ കാണാനുമിടയായി. കുന്നിൻ ചെരുവിലെ പുൽനാമ്പുകൾ കാറ്റേറ്റ് ഇളകിയാടുന്നു. കോട്ടയ്ക്കുമുകളിൽ ദേശീയപതാക ഉയർന്നുപറക്കുന്നു. സംസ്കാരങ്ങളുടെ പടയോട്ടങ്ങൾ കണ്ട, രഹസ്യങ്ങളുറങ്ങുന്ന ഒരു കോട്ടയുടെ നശിച്ചുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങൾക്ക് നടുവിൽ ഒരു മനോഹരയാത്രയുടെ ഓർമ്മകൾ ബാക്കിയാക്കി മടക്കം.

ഇനിയൊരു ചെറിയ കാഴ്ച കൂടി. ഔറംഗസേബ് അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന ദിൽറാസ് ബാനു ബീഗത്തിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച 'ബിബി-കാ-മക്ബറ'. മുംതാസ് മഹലിനു വേണ്ടി പണിത താജ്മഹലിന്റെ ഒരു ചെറിയ പതിപ്പാണിത്.


ഈ ഒരു രാത്രികാഴ്ച്ചയോടെ ഔറംഗാബാദ് യാത്രയുടെ അവസാനമാകുന്നു. ഔറംഗാബാദിലെ വളരെ പ്രശസ്തമായ 'പൈത്താനി' സാരികൾ കാണാനൊത്തില്ല. ഇനിയൊരവസരത്തിലാകട്ടെ. ' Kream n Krunch' ലെ സ്വാദിഷ്ട ഭക്ഷണവും കഴിച്ച് ഇനി തിരിക്കാം.