Saturday, October 19, 2013

എല്ലോറ (Ellora Caves)

അജന്ത വർണ്ണകൂട്ടുകളുടെ വിസ്മയമാണെങ്കിൽ എല്ലോറ കല്ലിൽ കൊത്തിയ ഒരു കവിതയാണ്.

ഔറംഗാബാദ് യാത്രയുടെ രണ്ടാം ദിവസമാണ് ഞങ്ങൾ എല്ലോറ ഗുഹകളിൽ പോയത്. ടൗണിൽ നിന്നും 29 km ദൂരമേയുള്ളൂ യുനെസ്കോ ലോക പൈതൃക പ്രദേശങ്ങളിലൊന്നായ എല്ലോറയിലേക്ക്. ഗുഹകളെല്ലാം തന്നെ നടന്നു കാണാവുന്ന ദൂരത്തിലും. അവധി ദിവസമായതുകൊണ്ടാവാം എല്ലോറയിൽ നല്ല തിരക്കുണ്ടായിരുന്നു. പൈത്താനി - ഉജ്ജയ്ൻ വാണിജ്യപാതയിൽ നിലകൊണ്ടതുകൊണ്ടാവാം അജന്തയെപ്പോലെ എല്ലോറ ഒരു കാലത്തും വിസ്മൃതിയിൽ പെട്ടുപോകാതിരുന്നത്.

അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് എല്ലോറ ഗുഹകളുടെ നിർമ്മാണം നടന്നത്. കലചുരി, ചാലൂക്യ, രാഷ്ട്രകൂട രാജവംശങ്ങളുടെ കാലങ്ങളിൽ ചരണാദ്രിമലയിൽ കൊത്തിയുണ്ടാക്കിയവയാണ് എല്ലോറയിലെ 34 ഗുഹകളും. ഹിന്ദു-ജൈന-ബുദ്ധമതങ്ങളുടെ ഒരു സമന്വയമാണ് എല്ലോറയിൽ. മൂന്നു മതങ്ങളിലേയും പ്രാർതനാലയങ്ങൾ ഇവിടെയുണ്ട്.

കല്ലിൽ കൊത്തിയെടുത്തതാണ് എല്ലോറയിലെ ഗുഹകളോരോന്നും. അതിപുരാതന കാലത്ത് ഒരു അഗ്നിപർവ്വത വിസ്ഫോടനത്തിന്റെ ഫലമായി എല്ലോറയിൽ രൂപം കൊണ്ട ഇഗ്നിയസ് ശിലകൾ (Igneous rocks, Basalt), കൊത്തുപണികൾ ചെയ്യാൻ തികച്ചും അനുയോജ്യമായിരുന്നു.

എല്ലോറയിൽ ആദ്യമായി പണികഴിപ്പിക്കപെട്ടത് ബുദ്ധ ഗുഹകളാണെന്ന് കരുതപ്പെടുന്നു.  അഞ്ചാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെയായിരുന്നു അവയുടെ നിർമ്മിതി. 12 ബുദ്ധിസ്റ്റ് ഗുഹകളിൽ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരമായതും 'വിശ്വകർമ്മ ഗുഹ' എന്നറിയപ്പെടുന്ന പത്താമത്തെ ഗുഹയാണ്.

അജന്ത ഗുഹയെ അനുസ്മരിപ്പിക്കും വിധമാണ് വിശ്വകർമ്മ ഗുഹയുടെയും നിർമ്മിതി. അതിമനോഹരമായി കൊത്തിയെടുത്ത ഈ ചൈത്യഗൃഹത്തിന്റെ മദ്ധ്യത്തിലായി 'വ്യാഖ്യായനമുദ്ര'യിലുള്ള ഒരു ബുദ്ധപ്രതിമയുണ്ട്. ധ്യാനത്തിലും പ്രാർത്ഥനയിലുമായി ഒരുപാട് ഗ്രാമീണർ ചൈത്യഗൃഹത്തിലൂടെ കടന്നുപോയി. ബുദ്ധപാദം സ്പർശിച്ച് നമസ്കരിക്കുവാൻ അവരാരും മറന്നില്ല.

ആറാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ട് വരെയാണ് ഹിന്ദുഗുഹകൾ പണിതത്. 17 ഹിന്ദുഗുഹകളാണു എല്ലോറയിലുള്ളത്. അതിൽ പതിനാറാമത്തെ ഗുഹയായ കൈലാസനാഥ ക്ഷേത്രമാണ് എല്ലോറയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്.

ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ കൈലാസനാഥ ക്ഷേത്രം അതിന്റെ വലുപ്പം കൊണ്ടും മനോഹാരിത കൊണ്ടും ആരെയും അതിശയിപ്പിക്കും. ദ്രാവിഡ കലാവിരുതിന്റെ ഒരു ഉത്തമ നിദാന്തമാണ് ഈ ക്ഷേത്രം.

കൈലാസപർവ്വതത്തെ അനുസ്മരിപ്പിക്കും വിധമാണ് ക്ഷേത്ര നിർമ്മിതി. ഒറ്റക്കല്ലിൽ മുകളിൽ നിന്നും താഴേക്ക് തുരന്നുണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഏകദേശം 400000 ടണ്‍ കല്ല് ഇങ്ങനെ തുരന്ന് പുറത്തേക്ക് കളഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.

ഇരുനിലകളുള്ള കവാടം കടന്നാൽ ക്ഷേത്രത്തിന്റെ നടുമുറ്റത്ത് എത്താം. വളരെ വലിയ ഒരു കൽത്തൂണ്‍ ഇവിടെ കൊത്തിയെടുത്തിട്ടുണ്ട്. രണ്ടുഭാഗമായിട്ടാണ് ക്ഷേത്രം. ആദ്യത്തേത് 'നന്ദി മണ്ഠപ'മാണ്. ആനകൾ ചുമന്നുകൊണ്ടു നിൽക്കുന്നതുപോലെയാണ് പ്രധാന ക്ഷേത്രത്തിന്റെ നിർമ്മിതി.

നന്ദി മണ്ഠപത്തിലും ക്ഷേത്രത്തിലും അതിവിദഗ്തമായ കൊത്തുപണികൾ കാണാനാകും.  ഇവയെ രണ്ടിനേയും ഒരു കൽപാലം കൊണ്ട് ബന്ധിച്ചിട്ടുമുണ്ട്.

മറ്റു ഹിന്ദുഗുഹകളിൽ ശിവ-പാർവ്വതി രൂപങ്ങളാണ് കൂടുതലും കൊത്തിയെടുത്തിരിക്കുന്നത്. ശിവ-പാർവ്വതിമാരിരിക്കുന്ന കൈലാസപർവ്വതം രാവണൻ ഉയർത്താൻ ശ്രമിക്കുന്ന ഒരു ചിത്രീകരണമുണ്ട്.

ഗോദാവരിയുടെ കൈവഴികളിലൊന്നായ ഇളഗംഗ എല്ലോറയിൽ 29 ഗുഹക്കടുത്ത് ഒരു ചെറിയ വെള്ളച്ചാട്ടമായി വന്നുപതിക്കുന്നത് സീത-കി-നഹാനി എന്നപേരിലും അറിയപ്പെടുന്നു.

ഒരു  X-Ray പോലെ കൊത്തിയുണ്ടാക്കിയ പ്രതിമകൾ തികച്ചും വ്യത്യസ്തമായ കാഴ്ച തന്നെയായിരുന്നു.

ഒൻപതും പത്തും നൂറ്റാണ്ടുകളിലാണ് ജൈനഗുഹകളുടെ നിർമ്മാണം. ദിഗംബരജൈനന്മാരുടെ കാലത്തായിരുന്നു അത്. ജൈനഗുഹകളിൽ 'ഇന്ദ്ര സഭ' ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കാം.

ഇന്ദ്ര സഭയിലെ കൽത്തൂണുകളിൽ അതിസൂക്ഷ്മമായ കൊത്തുപണികളാണുള്ളത്. ചോട്ടാ കൈലാസ് എന്നറിയപ്പെടുന്ന ജൈന ഗുഹകളിൽ തീർഥങ്കര പ്രതിമകൾ കാണാനാകും.

സമയം ഉച്ച തിരിഞ്ഞു. കല്ലുകൾക്ക് പറയുവാൻ കഥകളിനിയും ഒരുപാട് ബാക്കി. ഔറംഗബാദിൽനിന്നും മടങ്ങുന്നതിൻ മുൻപ് മറ്റുചില കാഴ്ചകൾ കൂടി ഇനിയും കാണാനുണ്ട്. കല്ലിൽ വിരിഞ്ഞ പ്രാർഥനാലയങ്ങളേ, നിങ്ങൾക്കു വിട.....

Sunday, October 6, 2013

അജന്ത (Ajanta Caves)

ഒരു മുടങ്ങിപ്പോയ കാശ്മീർ യാത്രക്കു പകരമായാണ് മഹാരാഷ്ട്രയിലെ അജന്താ എല്ലോറ കേവ്സ് (ajanta-ellora caves) യാത്ര പ്ലാന് ചെയ്തത്. മുംബെയിൽ നിന്നും പോകുന്നവർക്ക് ബസ് ആയിരിക്കും കൂടുതൽ  സൗകര്യം.നവി മുംബയിൽ നിന്നും വെറും 6 മണിക്കൂറെ ഉള്ളു ഔറംഗബാദിലേക്ക്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നും ഏകദേശം 100 k.m. അകലെയാണ് അജന്ത ഗുഹകൾ.

അജന്ത കല്ലിൽ കൊത്തിയ ബുദ്ധകാല സ്മാരകങ്ങളാണ്. ഇവയിൽ കൂടുതലും നിർമ്മിച്ചത് ചക്രവർത്തി ഹരിഷേനയുടെ കാലത്താണ്. ബി .സി. 200 മുതൽ എ .ഡി. 600  വരെ നിർമാണത്തിലും ഉപയോഗത്തിലും ഇരുന്ന ഈ ശിലാഗുഹകൾ ഹരിഷേനയ്ക്കു ശേഷം ബുദ്ധമതത്തിനു പ്രചാരം കുറഞ്ഞതോടെ സംരക്ഷിക്കപ്പെടാതെ കുറച്ചധികം കാലം കാടുമൂടി കിടന്നു. പിന്നീട് 1819 - ൽ ബ്രിട്ടീഷുകാരനായ ജോണ് സ്മിത്താണ് ഒരു കടുവാ നായാട്ടിനിടയിൽ തികച്ചും അപ്രതീക്ഷിതമായി ഒരു ഗുഹാകവാടം കാണാനിടയായത്. കുതിരലാടത്തിന്റെ ആകൃതിയിൽ പാറക്കെട്ടിൽ ചെത്തിയുണ്ടാക്കിയ ഗുഹകളിൽ മധ്യഭാഗത്തെ ഗുഹാകവാടമാണ് നേരെ എതിർവശത്തെ മലമുകളിൽ നിന്ന സ്മിത്തിന്റെ കണ്ണിൽപെട്ടത്.

അജന്ത ഗുഹകളിലെ ചിത്രങ്ങൾ ഇന്ത്യൻ ചിത്രകല ചരിത്രത്തിൽ ഒരു വലിയ സ്ഥാനം വഹിക്കുന്നു. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള അജന്ത ഗുഹകൾ 1983 മുതൽ ലോക പൈതൃക സ്ഥലങ്ങളിൽ ഉണ്ട്. അതുകൊണ്ട് കൂടിയാവാം സ്വദേശികളെ അപേക്ഷിച്ച് നല്ലൊരു പങ്ക് വിദേശികളും ഇവിടേക്ക് എത്തുന്നത്.

ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് ഔറംഗബാദിൽ നിന്നും അജന്തയിലേക്കെത്താം. ഇത്രയും ദൂരം തനി ഗ്രാമീണ പ്രദേശങ്ങളിലൂടെയാണ് യാത്ര ചെയ്യേണ്ടത്. വഴികൾക്കിരുവശവും പച്ചപിടിച്ച കൃഷിയിടങ്ങൾ...കരിമ്പുപാടങ്ങൾ.  പുലർച്ചെ പണി തുടങ്ങുന്ന കർഷകർ... ഇടയിൽ കുഞ്ഞുവീടുകൾ..... വഴികളിൽ പലയിടത്തും കാർഷികവിഭവങ്ങൾ നിറച്ച കാളവണ്ടികൾ... അജന്തയോട് ചേർന്നുകിടക്കുന്ന ഗ്രാമത്തിൽ ഒരു പുരാതന കോട്ടയുടെ അവശിഷ്ടങ്ങളും കാണാം.  മലിനീകരണം  മൂലം ചിത്രങ്ങൾ നശിച്ചുപോകാനിടയുള്ളതിനാൽ സ്വകാര്യ വാഹനങ്ങൾ ഗുഹാകവാടം വരെ അനുവദിക്കാറില്ല. പകരം സജ്ജീകരണങ്ങൾ ടൂറിസം വകുപ്പ് ചെയ്തിട്ടുണ്ട്.

അജന്തയിൽ ഏകദേശം 30 ഗുഹകൾ ആണുള്ളത്. അവയിൽ നാലെണ്ണം ആരാധനക്കും ബാക്കിയുള്ളവ ബുദ്ധസന്യാസിമാരുടെ താമസത്തിനും ഉപയോഗിച്ചിരുന്നു. ഈ കൽഗുഹകൾ വർഷത്തിൽ മഴയുള്ള നാലു മാസങ്ങളിൽ മാത്രമാണ് ഉപയോഗിച്ചിരുന്നത്. പാറക്കെട്ടിൽ നിന്നും ഒഴുകിവരുന്ന ജലം സംഭരണികളിൽ എത്തിക്കാൻ സംവിധാനങ്ങളുണ്ട്.

അജന്തയിലെ ഗുഹകളുടെ ഏറ്റവും വലിയ ആകർഷണം അവയിലെ ചുമർചിത്രങ്ങളാണ്. ജാതക കഥകളാണ് ചുമർചിത്രങ്ങളിലേറെയും. ചിലയിടത്തൊക്കെ വ്യാളികളും മറ്റും ആലേഖനം ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിൽ വളരെ വിരളമായി ലഭിച്ചിരുന്ന നീല നിറം (lapiz lazuli) ഏറ്റവും പ്രധാന വ്യക്തികളുമായി ബന്ധപ്പെടുത്തിയാണ് ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്.  ഗുഹകളിൽ പലതിലേയും ചിത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ ഫ്ലാഷ് ഇട്ടു ഫോട്ടോസ് എടുക്കാൻ ഇപ്പോൾ അനുവദിക്കാറില്ല.




അജന്തയിലെ ഗുഹകൾ രണ്ടു കാലഘട്ടങ്ങളിൽ പണികഴിപ്പിക്കപ്പെട്ടതാണ്. ബുദ്ധമതത്തിലെ ഹീനയാന വിശ്വാസികളുടെ കാലത്ത് അടയാളങ്ങൾ വഴി ബുദ്ധനെ ആരാധിച്ചിരുന്നു.  ആ കാലത്തെ പ്രാർത്ഥനാലയങ്ങളിൽ അതുകൊണ്ടുതന്നെ സ്തൂപങ്ങളാണുള്ളത്.


മഹായാന ബുദ്ധവിശ്വാസികളുടെ  കാലത്താണ് ബുദ്ധരൂപങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. ചില ഗുഹകളിൽ സ്തൂപവും ബിംബവും ഒരുമിച്ചും കാണാനാകും.

ഞങ്ങൾ ഗുഹകൾ കേറിനടന്നു കണ്ടു. നാലുമണിക്കൂറിന് 700 രൂപ എന്നുപറഞ്ഞ് ഒരു ഗൈഡിനെ ഞങ്ങൾ റെജിസ്ട്രേഷൻ കൌണ്ടറിൽ നിന്നും കൂടെ കൂട്ടിയിരുന്നു. ഏകദേശം ഒന്നര മണിക്കൂർ ആയപ്പോൾ 26 - മത്തെ ഗുഹ ചൂണ്ടിക്കാണിച്ചുതന്ന് പുള്ളി സ്ഥലം കാലിയാക്കി. ഔറംഗാബാദിൽനിന്നും യാത്ര  തുടങ്ങുമ്പോൾ അവരുടെ നാലു മണിക്കൂറും തുടങ്ങുമത്രേ.

 ഏതായാലും 26  തന്നെ ആയിരുന്നു എറ്റവും മനോഹരം. അവിടെ ബുദ്ധന്റെ കിടക്കുന്ന ഒരു  പ്രതിമയുണ്ട്. അത് വളരെ അപൂർവമായ ഒരു ചിത്രീകരണമാണത്രേ.

ഗുഹകൾ സന്ദർശിച്ചു കഴിഞ്ഞ് ഒരു ചെറിയ പൂന്തോട്ടം കടന്നാൽ വഗോര (വാഗുര) വെള്ളച്ചാട്ടത്തിന്റെ താഴെ എത്താം. പൂന്തോട്ടം എന്ന് പേരിൽ മാത്രമെ ഉള്ളു. നിറയെ കുരങ്ങന്മാരുള്ള നല്ലൊരു കാടുതന്നെയാണത്. മണ്സൂണ് കാലത്തായിട്ടുകൂടി ഗുഹകളിലെ ചൂടു കാരണം ഞങ്ങൾ നന്നായി വിയർത്ത് പോയി.  ചുമ്മാതല്ല ഇത് മഴക്കാലത്ത് മാത്രം ഉപയോഗിച്ചിരുന്നത്!

മഹാരാഷ്ട്ര ടൂറിസം വക  ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കഴിച്ചു. വീണ്ടും ഒന്നുകൂടി കറങ്ങി വരാനായിരുന്നു പ്ലാനെങ്കിലും ഞങ്ങൾ ശരിക്കും  തളർന്നിരുന്നു. പോരാത്തതിനു നല്ല കനമുള്ള ബാഗും.  അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ആളുകളെ കസേരയിൽ  ചുമന്നുകൊണ്ടുപോകുന്നവരെ കണ്ടത്.  ഞങ്ങൾ അവരോട് വെള്ളച്ചാട്ടത്തിനു മുകളിലേക്ക് വഴിയുണ്ടോ എന്നന്വേഷിച്ചു. വഴിയുണ്ടെന്നു മാത്രമല്ല, 200 രൂപക്ക് ഞങ്ങളുടെ ബാഗുമെടുത്ത് കൂടെ വരാം എന്നും  പറഞ്ഞു.  അങ്ങനെ ആദ്യം ഏഴു തട്ടുകളായൊഴുകുന്ന വഗോരയുടെ മുകളിലെത്തി.  താഴെ നിന്ന് നോക്കുന്ന ആരും ഇത്ര മനോഹരമായ ഒരു കാഴ്ച മുകളിലുണ്ട് എന്ന് പ്രതീക്ഷിക്കുക പോലുമില്ല. പണ്ട് നിറയെ കടുവകളുണ്ടായിരുന്ന ഒരു പ്രദേശം ആയിരുന്നത്രേ ഇത്. കടുവയിൽ നിന്നാണ് വാഗുര വെള്ളച്ചാട്ടത്തിന് (സപ്തകുണ്ട്) ആ പേരു വന്നതുതന്നെ.

അവിടെനിന്നും കുറേ ദൂരം കാട്ടിലൂടെ നടന്നാൽ ഏറ്റവും മുകളിലുള്ള അജന്ത വ്യൂ പോയിന്റിൽ എത്താം. ഇവിടെ നിന്നാൽ അജന്തയുടെ ഒരു പനോരമിക് വ്യൂ കിട്ടും. ടൂറിസം വകുപ്പിന്റെ ഒരു ഗസ്റ്റ് ഹൗസും മുകളിൽ ഉണ്ട്. ഗുഹകളിൽ കയറാതെ മെയിൻ റോഡിൽ നിന്നും നേരിട്ട് വ്യൂ പോയിന്റിൽ എത്താനും സാധിക്കും.

വൈകുന്നേരമായതോടെ അസ്തമനം കാണാനായി ഒരുപാട് സഞ്ചാരികൾ എത്തിതുടങ്ങി. ഗസ്റ്റ് ഹൗസിനു മുന്നിലെ ആര്യവേപ്പിൻ ചുവട്ടിൽ ചെറിയ ചെറിയ ആൾകൂട്ടങ്ങൾ. ഞങ്ങൾക്ക് തിരികെ പോകാറായി. ഒരുപാട് മനുഷ്യായുസ്സുകളുടെ  അധ്വാനത്തിന്റെ  കൽഗുഹകളിൽ  അസ്തമയസൂര്യന്റെ കിരണങ്ങൾ തിളങ്ങുന്നു.  അജന്ത- ഓർമ്മകളിലേക്കും .

മടക്കയാത്രയിലെ ഒരു കാഴ്ച...

ഇനി എല്ലോറയിലേക്ക്...